പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളെ ചൊല്ലിയാണ് യോഗത്തിൽ തർക്കം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ‘ചവിട്ടിപിടുത്തമെന്ന്’ ആരോപിച്ച് ഒരു നേതാവ് രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിലാണ് ബഹളമുണ്ടായത്.
ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് യോഗത്തിൽ രൂക്ഷമായ തർക്കം ഉണ്ടായത്. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരാടിച്ചത്. ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചതായാണ് സൂചന. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട ആരെങ്കിലുമോ പാർട്ടി നേതൃത്വമോ ഇതേപ്പറ്റി പ്രതികരിക്കാനോ മറുപടി പറയാനോ തയ്യാറായിട്ടില്ല.
അതേസമയം നേരത്തെ തന്നെ തോമസ് ഐസക്കിനെതിരെ മണ്ഡലത്തിൽ വിമർശനമുയർന്നിരുന്നു. കുടുംബശ്രീ, ഹരിതകർമ്മ സേന, ആശാ വർക്കർമാരെ അടക്കം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാലിതിനെ തോമസ് ഐസക് നിഷേധിച്ചിരുന്നു.

