ഘടകകക്ഷികളിൽ നിന്ന് സീറ്റുകൾ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സിപിഎം, തന്ത്രപരമായി 3 ഘടകകക്ഷികളുടെ 4 സീറ്റുകൾ സ്വന്തമാക്കി. ഇതോടെ ഇത്തവണ സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 86-ൽ നിന്നും 90 ആയി ഉയർന്നു. ‘ഇടതു സ്വതന്ത്രർ’ എന്ന ലേബലിലാണ് ഈ സീറ്റുകൾ സിപിഎം തങ്ങളുടെ അക്കൗണ്ടിലാക്കിയത്. ഭാവിയിൽ ഈ മണ്ഡലങ്ങളിൽ ‘സിറ്റിങ് സീറ്റ്’ എന്ന അവകാശവാദം ഉന്നയിക്കാൻ ഘടകകക്ഷികൾക്ക് ഇതോടെ കഴിയില്ല.
സീറ്റുകൾ കൈക്കലാക്കിയത് ഇങ്ങനെ:
കോവളം: ഐഎസ്ജെഡി മത്സരിച്ചിരുന്ന സീറ്റിൽ ആർജെഡിയും അവകാശവാദം ഉന്നയിച്ചു. ഇതൊരു തർക്കമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം സ്വന്തം നിലയ്ക്ക് ഇടതു സ്വതന്ത്രനെ കളത്തിലിറക്കി.
വള്ളിക്കുന്ന്: ഐഎൻഎല്ലിൽ നിന്ന് പിളർന്ന നാഷനൽ ലീഗിന് നൽകിയ സീറ്റിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെയാണ് സ്വതന്ത്രനാക്കിയത്.
കാസർകോട്: ഐഎൻഎല്ലിന്റെ സീറ്റാണെന്ന് പറഞ്ഞ ശേഷം അവിടെയും ഇടതു സ്വതന്ത്രനെ (ഷാനവാസ് പാദൂർ) നിർത്തി സീറ്റ് സിപിഎം ക്വാട്ടയിലാക്കി.
തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റിൽ, അവരുടെ നിർദേശം തള്ളി നടൻ സുധീർ കരമനയെ ഇടതു സ്വതന്ത്രനായി പ്രഖ്യാപിച്ചു.


