കൊച്ചി: പെരുമ്പാവൂര്‍ മണ്ഡലം ട്വന്റി 20യില്‍ പ്രതിസന്ധി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. ഇതോടെ ഇന്ന് നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ലക്ഷ്മി പ്രിയ. അതിനാൽ ‘ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെ’ന്ന് നടി പറഞ്ഞിരുന്നു. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.
‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. തന്നെയുമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. നമുക്കും പരുവപ്പെടണം. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം’, ലക്ഷ്മി പ്രിയ പറഞ്ഞു.
ട്വന്റി 20യെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു പാത അവര്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ അഭിപ്രായപ്പെട്ടു. കുറച്ചുനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. അമ്മയുടെ കുടുംബസംഗമം വിജയകരമായി നടത്തി. എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല. സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും താന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.


