മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ദയനീയ പരാജയത്തിന് കാരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം; നവകേരള യാത്രയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ധിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചത് തിരിച്ചടിക്കു കാണമായി

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് തിരിച്ചടിയായെന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.

പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. നേരത്തെ, പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയർന്നിരുന്നു.

അതേസമയം, വടകരയിൽ കെ കെ ശൈലജ തോറ്റത് ജനം അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കാണുന്നത് കൊണ്ടാണെന്നായിരുന്നു പി ജയരാജൻ സംസ്ഥാന സമിതി യോഗത്തിൽ പറഞ്ഞത്. ഭാവിയിൽ കെ.കെ. ശൈലജ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്- ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജൻ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ സമീപനവും സാധരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ പരാമർശത്തിന് രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. വിമർശനങ്ങൾക്കൊന്നും യോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല.

പാർട്ടിയിലെ ഒരുനേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ, അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നരീതി സി.പി.എമ്മിലില്ല. ഗൗരിയമ്മ മുതൽ വി.എസ്. അച്യുതാനന്ദൻവരെയുള്ളവരുടെ പേരുകൾ അങ്ങനെ ഉയർന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാർട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അസാധാരണ നീക്കമായി ജയരാജന്റെ പരാമർശം വിലയിരുത്തപ്പെടുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: