അഹമ്മദാബാദ്: റെഡിമെയ്സ് വസ്ത്രങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിയ വിദേശ സിഗരറ്റ് കണ്ടെയ്നർ പിടികൂടി. വിപണിയിൽ 16 കോടിയിലേറെ വിലവരുന്ന സിഗരറ്റാണ് പിടികൂടിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ മുന്ദ്ര തുറമുഖത്ത് വെള്ളിയാഴ്ചയാണ് കണ്ടെയ്നർ പിടികൂടിയത്. ഗുജറാത്തിലെ തന്നെ ഹസിര തുറമുഖത്തേക്കുള്ളതായിരുന്നു പിടിച്ചെടുത്ത കണ്ടെയ്നർ.
റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് സോണൽ യൂണിറ്റാണ് വലിയ രീതിയിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടികൂടിയത്.
കംബോഡിയയിലെ ഫ്നോം പ്നെ തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറിലാണ് വലിയ രീതിയിൽ വിദേശ നിർമ്മിത സിഗരറ്റ് തുണിത്തരങ്ങളെന്ന പേരിലെത്തിച്ചത്. സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത് മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മാർക്കിംഗോടെയാണ് വിദേശ നിർമ്മിത സിഗരറ്റ് തുറമുഖത്തെത്തിയത്. ഇത് ആദ്യമായല്ല മുന്ദ്രയിൽ വിദേശ നിർമ്മിത സിഗരറ്റ് കള്ളക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ മാസം 36 ലക്ഷം രൂപയുടെ സിഗരറ്റാണ് മുന്ദ്ര തുറമുഖത്ത് പിടികൂടിയത്.
തുണികള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു സിഗരറ്റുണ്ടായിരുന്നത്. 2022ൽ 48 കോടി വിലവരുന്ന ഇ-സിഗരറ്റ് കടത്ത് ഇവിടെ പിടികൂടിയിരുന്നു. നിലം തുടയ്ക്കാനുള്ള മോപ്പുകളെന്ന പേരിലാണ് ഇ സിഗരറ്റ് കണ്ടെയ്നറുകളിലെത്തിച്ചത്. 2019ലാണ് രാജ്യത്ത് ഇ-സിഗരറ്റ് സമ്പൂർണമായി നിരോധിച്ചത്.


