കൊല്ലം: കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാളിലെ മാൽഡാ സ്വദേശിയായ കമാൽ ഹുസൈൻ (25 ) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കണ്ടെടുത്ത കഞ്ചാവ് ചെടിക്ക് 124 സെന്റിമീറ്റർ ഉയരമുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രേം നസീർ, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം ആർ, ബാലു എസ് സുന്ദർ, അഭിരാം, വനിത സിവിൽ എക്സൈസ് ഓഫീസർ ഗംഗ ജി എന്നിവരും പങ്കെടുത്തു.
അതേസമയം, ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ ചാരായം വാറ്റുന്നതിനിടയിൽ വാറ്റ് സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ബഞ്ചു തോമസ്, ജോർജ് വർഗീസ്, അജിത്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 20.5 ലിറ്റർ ചാരായം, 100 ലിറ്റർ കോട, 20 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
കായംകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാറ്റ് സംഘത്തെ എക്സൈസ് കൈയ്യോടെ പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ കൊച്ചു കോശി ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ സുനിൽ, ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ദീപു പ്രഭകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി; പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ
