Headlines

കണ്ണൂർ സ്വദേശി അനാമികയുടെ മരണം: പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു





ബെംഗളൂരു: കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ.

പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനാമിക.

അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്നും പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമാണ് ബന്ധു അഭിനന്ദ് ഉന്നയിച്ചത്.

അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്. അനാമിക കോളേജിൽ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളേജിൽ മൊബൈലടക്കം കയ്യിൽ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകൽ മുഴുവൻ ഫോൺ കോളേജ് റിസപ്ഷനിൽ വാങ്ങി വയ്ക്കും. ഇന്‍റേണൽ പരീക്ഷകളിലൊന്നിനിടെ കയ്യിൽ മൊബൈൽ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളേജിൽ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികൾ പറയുന്നത്.

അനാമിക താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. കുടുംബാംഗങ്ങൾക്കായി എഴുതിയതും മാനേജ്മെന്‍റിനെതിരെ പരാമർശങ്ങളുള്ളതുമായ രണ്ട് ആത്മഹത്യാക്കുറിപ്പുകൾ അനാമികയുടെ മുറിയിലുണ്ടായിരുന്നെന്നാണ് കുട്ടികൾ പറയുന്നത്.

മാനേജ്മെന്‍റിനെതിരായ ആത്മഹത്യാക്കുറിപ്പ് പൊലീസിനൊപ്പം ചേർന്ന് ഒളിപ്പിച്ചെന്നും കുട്ടികൾ ആരോപിക്കുന്നു. കോളേജ് അധികൃതർ ഒരു തരത്തിലും അച്ഛനമ്മമാരോട് പോലും ഇതിൽ മറുപടി നൽകുന്നില്ലെന്ന് കുടുംബാംഗമായ അഭിനന്ദ് പറയുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളുരുവിൽ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്. കർണാടകയിൽ കൂണ് പോലെ മുളച്ച് പൊന്തുന്ന നഴ്സിംഗ് കോളേജുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടോ എന്നും കുട്ടികളുടെ മാനസികാരോഗ്യത്തിന് എന്ത് വിലയാണ് നൽകുന്നതെന്നും പരിശോധനകൾ നടക്കുന്നതേയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: