കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണിന് പിന്നാലെ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും കീഴടങ്ങി. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് അമൽ ഇഹ്‌സാൻ കീഴടങ്ങിയത്. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു നേരത്തെ പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മർദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 11 പേർ ഒളിവിലായിരുന്നു.
സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കൽപറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്പി കൂടി പ്രത്യേകസംഘത്തിൽ ഉൾപ്പെടും.

