വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു




കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്‌. വിജയന്റെ ആത്മഹത്യക്കുറിപ്പ് കൂടി വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേർത്തത്.


ഇതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളാകുമെന്നാണ് റിപ്പോർട്ട്. ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, മുൻ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി വി ബാലചന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ളവർ തട്ടിയെടുത്ത പണത്തിന്റെയും പാർട്ടിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ലക്ഷങ്ങളുടെയും ബാധ്യത ഉള്ളതിനാലാണ്‌ ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നെൻമേനി പത്രോസ്, പുൽപള്ളി വി.കെ.സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്.



ബത്തേരി അർബൻ ബാങ്കിൽ മകന്‌ പ്യൂൺ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ പത്രോസിന്റെ പരാതി. അനുജൻ വി കെ സൂരജിന്‌ അർബൻ ബാങ്കിൽ ക്ലാർക്കായി നിയമനം വാഗ്‌ദാനം ചെയ്‌ത്‌ 11 ലക്ഷം രൂപ തട്ടിയെന്നാണ്‌ സായൂജിന്റെ പരാതി. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: