ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല. കെജ്‌രിവാള്‍ അറസ്റ്റ് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് കേസ് പരിഗണിച്ചത്.
അറസ്റ്റ് ചോദ്യംചെയ്തും ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചു. ഏപ്രില്‍ മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും.
അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്താണ് കെജ്‌രിവാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

