ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജരിവാളിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാലുദിവസം കൂടി കസ്റ്റഡി നീട്ടി, ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കെജരിവാളിനെ ഹാജരാക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഇഡിയോട് ആവശ്യപ്പെട്ടു.

അരവിന്ദ് കെജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരവേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന ഇഡിയുടെ അപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കിയ ഇഡി, കസ്റ്റഡിയിലിരിക്കെ അഞ്ചുദിവസം ഡല്‍ഹി മുഖ്യമന്ത്രിയുടെ മൊഴിയെടുത്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്ന നിലപാടല്ല കെജരിവാള്‍ സ്വീകരിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ആരോപിച്ചു.

അതിനിടെ വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലു മൊഴികള്‍ മാത്രം മതിയോ എന്നും കോടതിയില്‍ സ്വയം വാദമുഖങ്ങള്‍ നിരത്തി കൊണ്ട് അരവിന്ദ് കെജരിവാള്‍ ചോദിച്ചു. കേസില്‍ മാപ്പുസാക്ഷിയായ ശരത് റെഡ്ഡി ബിജെപിക്ക് 50 കോടി നല്‍കി എന്നത് പുറത്തുവന്നിരുന്നു. ഇവരെല്ലാം ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുകയായിരുന്നു എന്നതിന് തന്റെ കൈയില്‍ തെളിവുണ്ട്. തനിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നാലു സാക്ഷികളെയും നിര്‍ബന്ധിച്ചതായും കെജരിവാള്‍ ആരോപിച്ചു.

ആയിരക്കണക്കിന് പേജ് വരുന്ന കുറ്റപത്രത്തില്‍ തന്റെ പേര് നാലുതവണ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ പേരായി നല്‍കിയിരിക്കുന്നത് സി അരവിന്ദ് എന്നാണ്. സി അരവിന്ദ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സെക്രട്ടറിയായിരുന്നു. തന്റെ അറസ്റ്റിനുശേഷം കൈക്കൂലിയായി വാങ്ങിയെന്ന് ആരോപിക്കുന്ന 100 കോടി രൂപയില്‍ ഒരു രൂപ പോലും ഇഡി കണ്ടെടുത്തിട്ടില്ല. ഒരു കോടതിയും താന്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിട്ടുമില്ല. ‘എന്നെ അറസ്റ്റ് ചെയ്തു. പക്ഷേ ഒരു കോടതിയും ഞാന്‍ കുറ്റക്കാരനാണെന്ന് തെളിയിച്ചിട്ടില്ല. സിബിഐ 31,000 പേജുകളും ഇഡി 25,000 പേജുകളുമുള്ള കുറ്റപത്രം ഫയല്‍ ചെയ്തു. അവ ഒരുമിച്ച് വായിച്ചാലും, ചോദ്യം അവശേഷിക്കുന്നു, എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?’ കെജരിവാള്‍ കോടതിയില്‍ പറഞ്ഞു.

രാജ്യത്തിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ അഴിമതിക്കാരാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എഎപിയെ തകര്‍ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. കേസില്‍ ഇഡി അന്വേഷണം നേരിടാന്‍ തയ്യാറാണ്. ഇഡിയുടെ റിമാന്‍ഡ് അപേക്ഷയെ എതിര്‍ക്കുന്നില്ല. എത്രനാള്‍ വേണമെങ്കിലും ഇഡിക്ക് തന്നെ കസ്റ്റഡിയില്‍ വെയ്ക്കാം. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്നും കെജരിവാള്‍ വാദിച്ചു.

ഗ്യാലറിക്ക് വേണ്ടിയാണ് കെജരിവാള്‍ കളിക്കുന്നത് എന്നതായിരുന്നു ഇഡിയുടെ മറുപടി. ‘ഇഡിയുടെ പക്കല്‍ എത്ര രേഖകളുണ്ടെന്ന് അയാള്‍ക്ക് എങ്ങനെ അറിയാം? ഇതെല്ലാം അദ്ദേഹത്തിന്റെ ഭാവനയുടെ സൃഷ്ടിയാണ് ‘- ഇഡിക്ക് വേണ്ടി ഹാജാരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.

‘എഎപിക്ക് കിട്ടിയ കൈക്കൂലി പണം ഗോവ തെരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിച്ചു. വ്യക്തമായ ഒരു ശൃംഖലയുണ്ട് ഇതിന് പിന്നില്‍. ഹവാല വഴി പണം വന്നതായി മൊഴികളും രേഖകളും ഞങ്ങളുടെ പക്കലുണ്ട്. കെജരിവാള്‍ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനും ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്’- എസ് വി രാജു കോടതിയില്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: