ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ കലബുർഗിയിലാണ് സംഭവം. മൂന്നു മാസം മുൻപാണ് മരിച്ച രാകേഷും ഭാര്യയായ മേഘയും വിവാഹിതരാകുന്നത്. മേഘ, രാകേഷിനെ വീട്ടു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹം കഴിഞ്ഞത് മുതൽ മേഘ വീട്ടു ജോലികളെല്ലാം തന്നെ കൊണ്ട് ചെയ്യിക്കുന്നതായി രാകേഷ് കുടുംബത്തോട് പറഞ്ഞിരുന്നു. വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങൾ കൊണ്ട് വരാനും നിർബന്ധിക്കും. വസ്ത്രങ്ങൾ കഴുകലും ഭക്ഷ്യ സാധനങ്ങളും ധാന്യങ്ങളും പൊടിക്കലുമൊക്കെ രാകേഷിന്റെ മാത്രം പണിയായി. പറഞ്ഞതനുസരിച്ചില്ലെങ്കിൽ താൻ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞു മേഘ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ കുടുംബം ആരോപിക്കുന്നു.
വീട്ടു ജോലികൾ ചെയ്ത് കഴിഞ്ഞാലും മേഘ കുറ്റപ്പെടുത്തൽ തുടരുമായിരുന്നു. തന്നെ സഹജീവിയായിപോലും മേഘ പരിഗണിക്കുന്നില്ലെന്ന് രാകേഷ് പലപ്പോഴും പരാതി പറഞ്ഞിരുന്നു. ഭർത്താവിനെ അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാണുന്നതിൽ നിന്നും മേഘ വിലക്കുകയും ചെയ്തിരുന്നു. ഇതോടെ രാകേഷ് മാനസിക സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയെന്നും ഇത് ആത്മഹത്യയിലേക്കു നയിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. രാകേഷിന്റെ കുടുംബത്തിന്റെ പരാതിയിൽ മേഘക്കും ബന്ധുക്കൾക്കുമെതിരെ ചൗക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
