ഗുവാഹത്തി : അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച വിഷമത്തില്‍ അസം ഹോം സെക്രട്ടറിയായ ഐപിഎസുകാരന്‍ ഐസിയുവിനുള്ളില്‍ വച്ച് സ്വയം വെടിവച്ചുമരിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. 2009 ബാച്ച് ഐപിഎസ് ഓഫിസറായ സിലാദിത്യ ചേതിയ ആണ് ഭാര്യ മരിച്ച ഐസിയുവിനുള്ളില്‍ വച്ച് ജീവനൊടുക്കിയത്.
അര്‍ബുദം നാലാം ഘട്ടത്തിലായതിനെ തുടര്‍ന്ന് സിലാദിത്യ ചേതിയയുടെ ഭാര്യ ഏതാനും ദിവസമായി നഗത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ നാലുമാസമായി സിലാദിത്യ ജോലിക്കു പോയിരുന്നില്ല.
ഭാര്യ മരിച്ചതിനു പിന്നാലെ സിലാദിത്യ ഐസിയുവില്‍ നിന്ന ഡോക്ടറോടും നഴ്‌സിനോടും കുറച്ചുസമയം പുറത്തിറങ്ങിനില്‍ക്കണമെന്നും തനിക്ക് ഭാര്യക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ഡോക്ടറും നഴ്‌സും വെടിയൊച്ച കേട്ട് ഓടിയെത്തി സിലാദിത്യയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല.
അസമിലെ തിന്‍സുകിയ, സോണിറ്റ്പൂര്‍ ജില്ലകളുടെ പോലീസ് സൂപ്രണ്ടായിരുന്നു മുമ്പ് സിലാദിത്യ. അസം പോലീസ് നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആയിരുന്ന അദ്ദേഹത്തെ പിന്നീട് ഹോം സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

