Headlines

ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും

തൃശൂര്‍: ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക. ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ഇന്ന് ( ഏപ്രില്‍ 15) തന്നെ കൈമാറും. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില്‍ കലക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സബ് കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ കലക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചിരുന്നു. നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചു ചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മ്മാണം വേഗം നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: