കോഴിക്കോട് : കൊടുവള്ളിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശിയായ വിഷ്ണുരാജ്(29) ആണ് പിടിയിലായത്. 15 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്നും രണ്ട് മാസമായി സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഡോക്ടറെ എംഡിഎംഎ സഹിതം പിടികൂടിയത്. ഈ സമയം ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് വാങ്ങുന്നതും ഇതിനു പുറമേ ബംഗളൂരുവില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കോഴിക്കോട് ടൗണ്‍, എന്‍ഐടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിറ്റുവന്നിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
