തിരുവനന്തപുരം: ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ ജോയ് മാത്യു. ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല എന്നാണ് ജോയ് മാത്യു പ്രതികരിച്ചത്. ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ഇത്ച ർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു, പക്ഷെ അങ്ങിനെയല്ല ഉണ്ടായത്. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിൻ്റെ പേരാണ് പരിഹാസമെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യം എന്നൊന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. ഇന്ത്യ ഭരിക്കുന്നവരുടെ അതേ നയമാണ് ഇവിടെയുമെന്നും ജോയ് മാത്യു പറഞ്ഞു. യുവജന സംഘടനകൾ പാർട്ടികളുടെ അടിമകളാണെന്ന് പറഞ്ഞ ജോയ് മാത്യു ഡിവൈഎഫ്ഐയെയും വിമർശിച്ചു. ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല. ആമസോൺ കാട് കത്തിയാൽ ബ്രസീൽ എംബസിയുടെ മുൻപിൽ പോയി സമരം ചെയ്യും. അപ്പോഴാകും ബ്രസീൽ എംബസി പോലും ആമസോൺ കാട് കത്തിയ കാര്യം അറിയുക. ഫേസ്ബുക്കിലൊക്കെ വിപ്ലവം എഴുതുമെന്നും ജോയ് മാത്യു പറഞ്ഞു.
സമരങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടേണ്ട രീതികളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചര്‍ച്ചക്ക് വിളിക്കുക എന്നത്. 45 ദിവസമായി സമരം നടത്തുന്ന സ്ത്രീകളെ അവഗണിക്കുന്ന മുഷ്‌ക് ഇടതുപക്ഷ സര്‍ക്കാറിന്റെതല്ല, മറിച്ച് ഇന്ത്യ ഭരിക്കുന്ന അതേ സര്‍ക്കാറിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമയെ പ്രതിനിധീകരിച്ച് വന്ന ആളല്ല. അവരൊന്നും ഈ വിഷയങ്ങളിൽ ഇടപെടില്ല. സർക്കാരിന്റേത് അനാവശ്യമായ പിടിവാശിയാണ്. തമിഴ്നാട്ടിൽ ആശാ പ്രവർത്തകർ സമരം ചെയ്തു. അത് സിഐടിയു ആണ് നടത്തിയത്. സ്റ്റാലിന് പഠിക്കുന്ന നമ്മുടെ മുഖ്യമന്ത്രി ആ സമരത്തെ എന്ത് പറയുമെന്നും ജോയ് മാത്യു ചോദിച്ചു. സമരം എങ്ങനെയെങ്കിലും പൊളിക്കുക എന്നതാണ് അവരുടെ ഉദ്ദേശം; അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയതിനെയും ജോയ് മാത്യു വിമർശിച്ചു. വാഗ്ദാനങ്ങൾ ഒരുപാട് കൊടുക്കാൻ പറ്റും. പക്ഷേ നടപ്പിലാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശമാരുടെ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ മുൻപോട്ട് വന്നു. മറ്റ് സംസ്ഥാനങ്ങളുമായി ആശമാരുടെ വേതനം താരതമ്യം ചെയ്യുന്നത് അർത്ഥശൂനമാണെന്നും അദ്ദേഹം പറഞ്ഞു. ഓണറേറിയുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് അസംബന്ധം. ഓണറേറിയത്തിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ ചർച്ചയ്ക്ക് വിളിച്ച് സമരത്തിന് പരിഹാരം ഉണ്ടാക്കണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ആശമാരുടെ സമരവേദിയിൽ സംഘടിപ്പിച്ച ജനസഭയിലാണ് സച്ചിദാനന്ദൻ്റെ ശബ്ദ സന്ദേശം കേൾപ്പിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കല- സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ ഇന്നെത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി വിവിധ മേഖലകളിലുള്ളവർ ഇന്ന് സമരപ്പന്തലിൽ എത്തി.
