തിരുവനന്തപുരം:കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധമായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തിൽ മനുഷ്യചങ്ങല തീർക്കും. കാസർകോട് റെയിൽവേ സ്‌റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല ദേശീയപാത വഴിയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീർക്കും. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളാകും. റോഡിന്റെ പടിഞ്ഞാറുവശം ചേർന്ന് ഗതാഗതക്കുരുക്കുണ്ടാകാതെയാകും ചങ്ങല തീർക്കുകയെന്ന് നേതാക്കൾ അറിയിച്ചു.
വൈകുന്നേരം 4ന് മനുഷ്യച്ചങ്ങലയ്ക്കായി പ്രവർത്തകർ ദേശീയപാതയോരങ്ങളിൽ അണിനിരക്കും. 4.30ന് ട്രയൽ നടക്കും. അഞ്ചിന് മനുഷ്യച്ചങ്ങലയായി കൈകോർത്ത് പ്രതിജ്ഞയെടുക്കും. തുടർന്ന് ജില്ലാകേന്ദ്രങ്ങളിലും ബ്ലോക്ക് കമ്മറ്റി അടിസ്ഥാനത്തിലും സമ്മേളനങ്ങൾ നടക്കും. കലാപരിപാടികളും അരങ്ങേറും.
