തൃശൂർ: ചാലക്കുടി ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിനു പിന്നാലെ വെള്ളിയാഴ്ച പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു ചില്ലടിച്ചു തകർക്കുകയും ബോണറ്റിൽ കയറിയിരുന്നു പൊലീസുകാരെ അസഭ്യം പറയുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിലായി.
സംഭവത്തിനു പിന്നാലെ നിധിനെ പൊലീസ് പിടികൂടിയെങ്കിലും ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകർ നിധിനെ പൊലീസിന്റെ പിടിയിൽ നിന്നു മോചിപ്പിക്കുകയും ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് നിധിനെ പൊലീസ് വീണ്ടും പിടികൂടിയത്
തിരഞ്ഞെടുപ്പു വിജയിച്ചതിനു പിന്നാലെ നിധിൻ പുല്ലന്റെ നേതൃത്വത്തിൽ പ്രവർത്തകർ ടൗൺ ചുറ്റി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. എസ്ഐ എം. അഫ്സലും എഎസ്ഐയുമടക്കം 5 പൊലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പ് ഓടിക്കൊണ്ടിരിക്കേ അതിനു മുകളിലേക്കു നിധിനും സംഘവും ചാടിക്കയറുകയായിരുന്നു. ബോണറ്റിനു മുകളിൽ നിന്നു ചില്ലു ചവിട്ടി തകർത്തശേഷം റോഡിലേക്കു വിതറി. ഇതിനിടെ എസ്ഐ അടക്കമുള്ളവരെ അസഭ്യം പറഞ്ഞു. ഇതിനു പിന്നാലെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി നിധിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെയാണ് ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകന്റെ നേതൃത്വത്തിൽ നിധിൻ പുല്ലനെ മോചിപ്പിച്ചത്.
