ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇഡിയുടെ ഏജന്റുമാരെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.




വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.

കശുവണ്ടി വ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. ഇത് നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍ വീണ്ടും സമന്‍സ് അയപ്പിക്കാമെന്നും പറഞ്ഞു.

മെയ് 14ന് പരാതിക്കാരന് സമന്‍സ് ലഭിച്ചതായി വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് വില്‍സണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡില്‍ നേരില്‍ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടില്‍ നല്‍കാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏല്‍പ്പിക്കാനും വില്‍സണ്‍ നിര്‍ദേശിച്ചു. 50,000 രൂപകൂടി അധികമായി നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നല്‍കി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലന്‍സിനെ സമീപിച്ചത്. എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും ഇഡി കേസിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചത് എങ്ങനെയെന്നും പരിശോധിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: