ഗുരുഗ്രാം: എട്ടു വയസ്സുകാരനായ മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയുടെ വസ്ത്രത്തിൽ ചെളി പുരണ്ടതും പുസ്തകങ്ങൾ കളഞ്ഞതുമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് യുവതി പറഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ ദാരുണമായ സംഭവം.
അറസ്റ്റിലായ പ്രതി പൂനം ദേവിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പൊലീസ് കോടതി ഉത്തരവിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. യുവതിയുടെ മറ്റൊരു പുരുഷനുമായുള്ള ബന്ധം തിരിച്ചറിഞ്ഞതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ആരോപിക്കുന്നു.
‘സ്‌കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ മകൻ കാർത്തിക്കിന്റെ വസ്ത്രം ചെളി പിടിച്ചിരുന്നു. അതോടൊപ്പം തന്നെ അവൻ രണ്ടു പുസ്തകങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിൽ ഞനാദ്യം അവന്റെ വസ്ത്രങ്ങൾ അഴിച്ചു വാങ്ങുകയും തുടർന്ന് അവനോട് വീടിന് പുറത്ത് നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ദേഷ്യം സഹിക്കാൻ വയ്യാതെ കയ്യിലിരുന്ന ഷാളുകൊണ്ട് കഴുത്തു മുറുക്കി ഞാൻ അവനെ കൊലപ്പെടുത്തുകയായിരുന്നു’, ചോദ്യം ചെയ്യൽ വേളയിൽ യുവതി പറഞ്ഞതായി അസിസ്റ്റന്റ് കമ്മീഷ്ണർ വരുൺ ദഹിയ പറഞ്ഞു.
കുട്ടിയുടെ മരണം സംബന്ധിച്ച് തിങ്കളാഴ്ച ഒരു പ്രൈവറ്റ് ആശുപത്രിയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് വന്ന ഒരു ഫോൺ കോൾ ആണ് ഈ കൊലപാതകം പുറത്തുകൊണ്ടു വന്നത്. കുട്ടിയുടെ പിതാവ് അരവിന്ദ് കുമാർ ആണ് മൃതദേഹത്തിന്റെ കഴുത്തി കണ്ട പാട് സംശയിക്കുകയും തുടർന്ന് അന്വേഷണത്തെ വേണമെന്ന് പരാതി നൽകുകയും ചെയ്തത്.

