എട്ടാം ക്ലാസുകാരിയെ 24 വയസുകാരന് വിവാഹം ചെയ്തു നൽകി; ശൈശവ വിവാഹം നടത്തിയ മുത്തശ്ശി അറസ്റ്റിൽ



കർണാടക: ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മുത്തശ്ശി അറസ്റ്റിൽ. കർണാടക ബെംഗളൂരുവിലെ സർജാപൂരിലാണ് സംഭവം. 14 വയസുകാരിയായ ചെറുമകളെ 24 വയസുകാരനായ വിനോദ് കുമാർ എന്ന യുവാവിനാണ്‌ വിവാഹം ചെയ്തു കൊടുത്തത്. പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്ത എട്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തു.

ഫെബ്രുവരി 15 നായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ സർജാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എട്ടാം ക്ലാസുകാരിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നൽകിയത്. പെൺകുട്ടിയുടെ മുത്തശ്ശിയും ഇവരുടെ മകനും മരുമകളും ചേർന്ന് നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.

ഹലസിനകൈപുരയിലെ വിനോദ് കുമാർ എന്ന യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. കൈവാരയിലെ യെല്ലമ്മ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ പെൺകുട്ടിയുടെ മുത്തശ്ശി, അമ്മായി, അമ്മാവൻ, ചെക്കന്റെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. എട്ടാം ക്ലാസുകാരിയെ പൊലീസും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് രക്ഷപ്പെടുത്തി.

മാതാപിതാക്കളുടെ പരാതിയിൽ പെൺകുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും വരൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 366, ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. വിവാഹത്തിൽ പങ്കെടുത്ത പൂജാരി ഉൾപ്പെടെ എല്ലാവരെയും കേസിൽ പ്രതികളായി പരിഗണിക്കുമെന്നും പൊലീസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: