രാജ്കോട്ട്: വീണ്ടും വിവാഹിതനാകണമെന്ന ആഗ്രഹത്തിന് കുടുംബം എതിർപ്പ് പ്രകടിപ്പിച്ചതോടെ മകനെ വെടിവെച്ച് കൊന്ന് പിതാവ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് സംഭവം. പുനർവിവാഹിതനാകണമെന്ന എൺപതുകാരന്റെ ആഗ്രഹത്തിന് തടസം നിന്നതോടെ 52 വയസുകാരനായ മകന് നേരെ നിറയൊഴിക്കുകയായിരുന്നു. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. ഭൂമി തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ, 20 വർഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടർന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നും പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായതായാണ് വിവരം. പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തു. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രതാപ് കൊല്ലപ്പെട്ടു. പ്രതാപിന്റെ ഭാര്യ ജയ ബെൻ ഓടിയെത്തിയപ്പോൾ അവരെയും ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ അവർ മകൻ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ പ്രതാപ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു രാംഭായി. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
