മംഗളൂരു: കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നത് തുടർന്നാൽ സ്കൂളിൽ നിന്നും കുട്ടികളെ മാറ്റുമെന്ന് രക്ഷിതാക്കൾ. മാണ്ഡ്യ ഗവ. സ്‌കൂളിലാണ് മുട്ടവിതരണത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക എന്ന ആവശ്യവുമായാണ് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം നടത്തിയത്.
സ്‌കൂളിൽ ആകെയുള്ള 120 വിദ്യാർഥികളിൽ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു. സ്‌കൂൾ ക്ഷേത്രത്തിനടുത്തായതിനാൽ മുട്ട വിതരണം ഗ്രാമവാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് രക്ഷിതാക്കൾ വാദിച്ചു. വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മാംസാഹാരം നിരോധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഗ്രാമത്തിൽ വർഷങ്ങളായി ഈ പാരമ്പര്യം പിന്തുടരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മുട്ടക്ക് പകരം വാഴപ്പഴവും ചിക്കി ബാറുകളും വിദ്യാർഥികൾക്ക് നൽകുന്നുണ്ട്.
സ്‌കൂൾ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി മൂന്ന് വർഷം മുമ്പ് സർക്കാർ മുട്ട വിതരണം ആരംഭിച്ചപ്പോൾ സ്‌കൂൾ വികസന മാനേജ്‌മെന്റ് കമ്മിറ്റി (എസ്ഡിഎംസി) ഈ തീരുമാനം എടുത്തിരുന്നു. നിലവിൽ എല്ലാ വിദ്യാർഥികൾക്കും വാഴപ്പഴവും ചിക്കി ബാറുകളും നൽകുന്നുണ്ട്. എന്നാൽ ഗ്രാമവാസികളിൽ ഒരു വിഭാഗത്തിന്റെ അഭ്യർഥന മാനിച്ചാണ് മുട്ട കഴിക്കുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഗ്രാമത്തിലെ ഭൂരിഭാഗം വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ കുട്ടികൾക്ക് വീടുകളിൽ മുട്ട നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് സസ്യാഹാരികളായ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
