ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ 90 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കെന്ന് കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്കാകെ ലഭിച്ചത് 2,544,278 കോടിയാണ്. അതിൽ 2,243.947 കോടിയും സ്വീകരിച്ചത് ബി.ജെ.പിയാണ്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട കണക്ക് പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 199.17 ശതമാനം (1693.84 കോടി) വർധനവാണ് സംഭാവനകളിൽ ഉണ്ടായിരിക്കുന്നത്.
20,000 രൂപക്ക് മുകളിൽ പാർട്ടികൾ സ്വീകരിക്കുന്ന തുകകളാണ് സംഭാവന വിഭാഗത്തിൽ ഉൾപ്പെടുത്തി കണക്കിൽ ചേർത്തിരിക്കുന്നത്. അല്ലാത്തവ കണക്കിൽപെടാത്ത വരുമാനമായി കണക്കാക്കും. 8358 സംഭാവനകളിൽ നിന്നായി 2243.947 കോടി രൂപ സ്വീകരിച്ച ബിജെപിയാണ് പട്ടികയിൽ മുന്നിൽ. തൊട്ടുപിന്നിലുള്ള കോൺഗ്രസിന് 1994 സംഭാവനകളിൽ നിന്ന് 281.48 കോടി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
മുൻ സാമ്പത്തിക വർഷത്തിൽ 719.858 കോടി രൂപ സംഭാവന ലഭിച്ച ബിജെപിക്ക് 211.72 ശതമാനം വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മറുവശത്ത് 79.924 കോടിയിൽ നിന്നും കോൺഗ്രസ് 281.48 കോടിയിലെത്തി. ആം ആദ്‌മി നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ ഈ വർഷം തിരിച്ചടി നേരിട്ടു. ആം ആദ്‌മിക്ക് 70.18 ശതമാനവും (26.038 കോടി) പീപ്പിൾസ് പാർട്ടിക്ക് 98.02 ശതമാനവുമാണ് (7.331 കോടി) സംഭാവന ഇനത്തിൽ കുറവുണ്ടായി.
സംഭാവനകൾ നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ 989.2 കോടി നൽകിയ ഡൽഹിയാണ് മുന്നിൽ. 404.512 കോടി നൽകിയ ഗുജറാത്ത് രണ്ടാമതും 334.079 കോടി നൽകിയ മഹാരാഷ്ട്ര മൂന്നാമതുമാണ്.
പാർട്ടികൾക്ക് ലഭിച്ച തുകയുടെ 89 ശതമാനവും കോർപ്പറേറ്റുകളുടെ സംഭാവനകളും ബാക്കിയുള്ളവ വ്യക്തിഗത സംഭാവനകളുമാണ്. മറ്റ് പാർട്ടികൾക്ക് ലഭിച്ച തുകയുടെ ഒമ്പത് ഇരട്ടി തുകയാണ് 2023-24 കാലയളവിൽ ബിജെപിക്ക് കോർപ്പറേറ്റ് സംഭാവന ഇനത്തിൽ ലഭിച്ചത്. കോൺഗ്രസ്സിന് 102 കോർപ്പറേറ്റ് സംഭാവനകളിൽ നിന്നായി 190.3263 കോടി ലഭിച്ചപ്പോൾ 1882 വ്യക്തിഗത സംഭാവനകളിൽ നിന്ന് 90.899 കോടിയും ലഭിച്ചു.