കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാവിലെ പത്തുമുതൽ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളതെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിൻ്റെ തൊട്ടടുത്തും ബാർ ഉണ്ടാകും. അപ്പോൾ ഒരു വിവേചനം നിലനിൽക്കുന്നു എന്ന പരാതി വളരെ ശക്തമായി സർക്കാരിൻ്റെ മുന്നിൽ നിലനിൽക്കുന്നുണ്ട്. സമയം സംബന്ധിച്ചും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ നിലനിൽക്കുന്ന സമയം മറ്റുള്ളവർക്കുകൂടി ബാധകമാക്കിയത്. വിഷയത്തിൽ പുതിയൊരു തീരുമാനം എടുക്കുകയല്ല ചെയ്തത്, അദ്ദേഹം പറഞ്ഞു.

