മലപ്പുറം: എക്സൈസ് നടത്തിയ റെയ്‌ഡുകളിൽ മലപ്പുറത്തും കണ്ണൂരിലും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിൻറെ നേതൃത്വത്തിലാണ് 1.31 കിലോ ഗ്രാം കഞ്ചാവുമായി പാണക്കാട് സ്വദേശിയായ ഫിറോസ് ബാബുവിനെ (46) അറസ്റ്റ് ചെയ്തത്. മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാർട്ടിയിൽ മലപ്പുറം ഐബി ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഉമ്മർകുട്ടി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അൽത്താഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ് ഇ, സച്ചിൻദാസ് എന്നിവരും ഉണ്ടായിരുന്നു.
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി.പിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പാപ്പിനിശ്ശേരിയിൽ 1.135 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാപ്പിനിശ്ശേരി തുരുത്തി സ്വദേശിയായ വിഷ്ണുനാഥ് കെ (26) എന്നയാളെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സജിത് കുമാർ.പി.എം, രാജീവൻ കെ, ഇസ്മയിൽ കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക് എം.കെ എന്നിവരും കേസ് എടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

