കുവൈത്തിലെ ജഹ്‌റയിലെ  ജ്വല്ലറിയിൽ നിന്നും രണ്ട് കിലോഗ്രാം സ്വർണം മോഷ്ടിച്ച പ്രവാസികൾ അറസ്റ്റിൽ.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60,000 കുവൈത്ത് ദിനാറില്‍ കൂടുതൽ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം മോഷ്ടിച്ചു. ജഹ്‌റ പൊലീസ് സ്റ്റേഷൻ അന്വേഷകന്‍റെ ഉത്തരവ് പ്രകാരം സംഭവത്തിൽ രണ്ട് പ്രവാസി ജീവനക്കാരെ അറസ്റ്റ് ചെയ്തു. പിടിയിലായ പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. ഏപ്രിൽ 9ന് രാവിലെ 9 മണിക്കും ഏപ്രിൽ 15 ന് രാവിലെ 11 മണിക്കും ഇടയില്‍ മോഷണം നടന്നതായാണ് മാനേജർ അവകാശപ്പെട്ടത്.

കേസന്വേഷണത്തിന്‍റെ ഭാഗമായി അറസ്റ്റിന് ശേഷം പരാതി നൽകിയ വ്യക്തിയെയും ചോദ്യം ചെയ്യുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുറ്റകൃത്യമായി രജിസ്റ്റർ ചെയ്ത സംഭവം കമ്പനിയുടെ മാനേജരായി സേവനമനുഷ്ഠിക്കുന്ന ഒരു പ്രവാസിയാണ് വെളിച്ചത്തു കൊണ്ടുവന്നത്. രണ്ട് കിലോഗ്രാം സ്വർണം കാണാതായതായും സഹപ്രവര്‍ത്തകരായ രണ്ട് പ്രവാസി ജീവനക്കാർ ഇത് മോഷ്ടിച്ചതായും അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും പിടികൂടിയത്.

മോഷണം അധികൃതരെ അറിയിക്കാൻ കമ്പനി വൈകിയതിന്‍റെ കാരണവും പരാതിക്കാരൻ വ്യക്തമാക്കിയിട്ടില്ല. പരാതിയില്‍ പരാമർശിച്ചിരിക്കുന്ന നിർദ്ദിഷ്ട തീയതികളും സമയങ്ങളും ഉണ്ടായിരുന്നിട്ടും ആരോപണങ്ങൾ ശരിവയ്ക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആരുടേയും പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: