സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത നിർദേശിച്ച്‌ പൊലീസ്‌





കൊച്ചി: പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന്‌ കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്‌. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്‌ പ്രചാരണം. സ‍ൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു. Beaches
കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്/ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ പൊലീസ്‌ പറയുന്നു. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ്‌ വ്യക്തമാക്കി. ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങൾ നൽകുന്നതും അപകടമാണ്. വ്യാജ ലിങ്കുകളിൽ പ്രവേശിച്ചാൽ വൈറസോ മാൽവേറുകളോ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണത്തിൽ കയറാം. വിവരങ്ങൾ നൽകുന്ന ഉടൻ തട്ടിപ്പുകാർ ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്‌. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ ചിലപ്പോൾ കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോൾ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.

ലിങ്ക് തുറന്നിട്ടുണ്ടെങ്കിൽ ഫോണിൽ മാൽവെയറുകൾ ഇൻസ്‌റ്റാൾ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കിൽനിന്ന്‌ പണം പിൻവലിക്കുകയോ അതിന്‌ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന്‌ വിധേയനായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട്‌ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും പൊലീസ്‌ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: