തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പ്ലാവൂർ ഗവ. ഹൈസ്കൂളിലും അധ്യാപകർ സ്കൂളിലെത്തി കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ദുരുപയോഗം ചെയ്ത് ഭക്ഷണം ഒരുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്ന് അറിയിച്ചത്. രാജ്യവ്യാപകമായി 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക് ദിവസമാണ് ഈ സംഭവം നടന്നത്.
വിവരമനുസരിച്ച്, ഒരു കൂട്ടം അധ്യാപകരാണ് പണിമുടക്കിന്റെ മറവിൽ ജോലിക്കെന്ന വ്യാജേന സ്കൂളുകളിലെത്തിയത്. വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരുപതോളം അധ്യാപകർ ചേര്‍ന്ന് കപ്പയും മീൻകറിയും, പായസവും ഉണ്ടാക്കി കഴിച്ചുവെന്നാണ് പരാതി. ഇതിനുപുറമെ, കപ്പയും ചമ്മന്തിയും, സുലൈമാനി, സ്പെഷ്യൽ മത്തി വറുത്തത്, നെത്തോലി പീര തുടങ്ങിയ വിഭവങ്ങൾ മെനു ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പ്ലാവൂർ ഗവ. ഹൈസ്കൂളിലെ അധ്യാപകർക്കെതിരെയും സമാനമായ പരാതിയുണ്ട്. പണിമുടക്ക് ദിവസം സ്കൂളിലെത്തിയ അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ച് ഇലയടയും കട്ടൻചായയും ഉണ്ടാക്കി. സ്കൂളിന്റെ രണ്ട് ഗേറ്റുകളും അകത്ത് നിന്ന് പൂട്ടിയിട്ട ശേഷമാണ് ഇവർ ഇത് ചെയ്തതെന്നുമാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു
