സിധി: മധ്യപ്രദേശിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു. ദമ്പതികൾ തമ്മിലുള്ള രൂക്ഷമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് ഭാര്യയായ സവിത സാകേതിനെ ഭർത്താവ് അടിച്ച് കൊന്നത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു.
ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. അച്ഛനും അമ്മയും ഭക്ഷണത്തേച്ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയേയാണ് മകൾ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഭക്ഷണത്തേ ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ കലഹമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ബേസ് ബോൾ ബാറ്റ് കണ്ടെത്തിയിട്ടുണ്ട്. സിധി ജില്ലയിലെ കമാർജി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. പൊലീസിന് വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ ഉദ്യോഗസ്ഥർ ക്വാട്ടേഴ്സിൽ എത്തിയിരുന്നു.
രക്തത്തിൽ കുളിച്ച് കിടന്ന സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവിതയുടെ കുട്ടികൾക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ നൽകിയതായി റെവാ റേഞ്ച് ഡിഐജി ഹേമന്ത് ചൗഹൻ വിശദമാക്കി. സവിതയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുമെന്നും പൊലീസ് വിശദമാക്കി. അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദമാക്കി.
‘ഈ സംഭവം അങ്ങേയറ്റം ദാരുണമാണ്. നമ്മുടെ പോലീസ് വകുപ്പിന് നികത്താനാവാത്ത നഷ്ടമാണിത്. ഞങ്ങൾ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം കുടുംബത്തിന് നൽകിയിട്ടുണ്ട്. ഭാവിയിൽ മറ്റെന്ത് ആവശ്യമുണ്ടെങ്കിലും, ഞങ്ങൾ പൂർണ്ണ പിന്തുണ നൽകും. സംസ്ഥാന ബഹുമതികളോടെ അവർക്ക് വിട നൽകി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. ജില്ല മുഴുവൻ ഉപരോധിക്കാൻ എസ്പി ഉത്തരവിട്ടിട്ടുണ്ട്’ എന്ന് ഡിഐജി ചൗഹാൻ പറഞ്ഞു.


