രായ്‌സേന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രക്ക് ഡ്രൈവറടക്കം രണ്ട് പേര്‍ പിടിയില്‍. മധ്യപ്രദേശിലെ റായ്സൺ ജില്ലയില്‍ 15 വയസുകാരിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനം. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും സില്‍വാനി-സാഗര്‍ റോഡിലുള്ള സിയാര്‍മൗ വനത്തിലെ വന്‍ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ഇരുചക്ര വാഹനം വഴിയിൽ നിർത്തിയിട്ട ശേഷമായിരുന്നു ഇവർ വനത്തിനുള്ളില്‍ പ്രവേശിച്ചത്.
സജ്ഞു ആദിവാസി (21) എന്ന ട്രക്ക് ഡ്രൈവറും ഇയാളുടെ രണ്ട് സുഹൃത്തുകളും ചേർന്ന് പെൺകുട്ടിയെയും ആൺ സുഹൃത്തിനേയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വാഹനത്തിന്റെ താക്കോൽ പ്രതികള്‍ സ്വന്തമാക്കി. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ ഉള്‍ക്കാട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയമത്രയും ആണ്‍സുഹൃത്തിനെ കൂട്ടാളികള്‍ തടഞ്ഞുവെച്ചു.
കൃത്യത്തിന് ശേഷം പെൺകുട്ടിയെയും സുഹൃത്തിനേയും ഉപേക്ഷിച്ച് പ്രതികൾ കടന്നു. വനത്തിൽനിന്ന് പുറത്തെത്തിയ ഇരുവരും അതുവഴി കടന്നുപോയ പോലീസ് ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സഞ്ജു, ശിവനാരായണ്‍, അക്ഷയ് അഹിര്‍വാര്‍ എന്നിവര്‍ക്കെതിരേ പീഡനം, കൂട്ടബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സഞ്ജു, ശിവനാരായണ്‍ എന്നിവര്‍ അറസ്റ്റിലായി. അക്ഷയ് അഹിര്‍വാറിനെയാണ് ഇനി പിടികൂടാനുളളത്
