ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ് പി വി ഗംഗാധരൻ. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.സുജാത, മനസാ വാചാ കർമ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാർത്ത, ഒരു വടക്കൻ വീരഗാഥ, എന്നും നന്മകൾ, അദ്വൈതം, ഏകലവ്യൻ, തൂവൽക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവർ ഓണർ, നോട്ട്ബുക്ക് തുടങ്ങിയവയാണ് പി.വി ഗംഗാധരൻ നിർമ്മിച്ച പ്രധാന സിനിമകൾ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിലായിരുന്നു നിർമ്മാണം.

പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. രാഷ്‌ട്രീയ രംഗത്തും പി.വി. ഗംഗാധരൻ സജീവമായിരുന്നു. കെഎസ്‌യുവിലൂടെയായിരുന്നു രാഷ്‌ട്രീയ പ്രവേശനം. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു. നിലവിൽ എഐസിസി അംഗമാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. മക്കൾ ഷെനുഗ, ഷെഗ്‌ന, ഷെർഗ

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെയാണ് പി.വി.ജി. സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. ദേശീയ, സംസ്ഥാനതലങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങള്‍ നേടി. 2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നിര്‍മിച്ച ‘ശാന്ത’ത്തിനായിരുന്നു. 1997ല്‍ ‘കാണാക്കിനാവ്’ എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ‘ഒരു വടക്കന്‍ വീരഗാഥ'(1989) ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍'(1999), ‘അച്ചുവിന്റെ അമ്മ'(2005) ‘നോട്ട്ബുക്ക്'(2006) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചു. വിവിധചിത്രങ്ങള്‍ ഫിലിംഫെയര്‍ അവാര്‍ഡുകളും പല തവണയായി സ്വന്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: