കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാനെ (25)യാണ് കോട്ടയം റയിൽവെ പൊലീസ് പിടികൂടിയത്. തമിഴ് സിനിമാതാരവും മോഡലുമായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. നേരത്തേ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അൻസർ ഖാൻ.
ഈ12ന് ചെന്നൈ– തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്

