കൽപ്പറ്റ: വയനാട്ടിൽ വ്യാപാരി സ്വന്തം കടക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളിയാകട്ട ജോസ് (68) ആണ് ജീവനൊടുക്കിയത്. പാടിച്ചിറ ടൗണിൽ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്ന ജോസ് സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യചെയ്തത് എന്നാണ് പ്രാഥമിക വിവരം. അയൽക്കൂട്ടത്തിൽ നിന്നും ബാങ്കിൽ നിന്നും ഉൾപ്പെടെ ജോസ് വായ്പകൾ എടുത്തിട്ടുണ്ടായിരുന്നു. ഇതിന്റെ തിരച്ചടവിന് പ്രയാസം നേരിട്ടിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
ചൊവ്വാഴ്ച പകൽ സമയം ജോസ് കടയിൽ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഫോണിൽ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് പച്ചക്കറി കടയോട് ചേർന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പച്ചക്കറി കച്ചവടത്തിനൊപ്പം തന്നെ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളി കൂടിയായിരുന്നു ജോസ്. മൃതദേഹം പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലിസിയാണ് ഭാര്യ. ലിജോ, ജിതിൻ, ജിസ എന്നിവർ മക്കളാണ്

