നീലേശ്വരം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി

കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സി.സന്ദീപ് എന്നയാളും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷും ബിജുവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി. കൊല്ലംപാറയിൽ വാൻ ഡ്രൈവറാണ് ബിജു.ബസ് കണ്ടക്ടറായിരുന്നു. ഭാര്യ മഞ്ജു. മക്കൾ: ആദിശങ്കർ, അദ്വൈത്. പുഷ്പരാജന്റെയും ഷീബയുടെയും മകനാണ് ഷിബിൻരാജ്. സഹോദരി: ഷിബിന.

ഒക്‌ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: