Headlines

ഒന്നാംവർഷ നഴ്സിംഗ് വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവം; അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

കോട്ടയം: ഒന്നാംവർഷ നഴ്സിംഗ് വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവർക്കാണ് സസ്പെൻഷൻ. നിലവിൽ ഇവർ അഞ്ചുപേരും പൊലീസ് കസ്റ്റഡിയിലാണ്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് ഇവർക്കെതിരെ കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്.


ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥകളെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. മൂന്നു മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പീഡനം സഹിക്കവയ്യാതെ മൂന്നു കുട്ടികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: