പാട്ന: ബിഹാറിലെ പുര്‍ണിയയില്‍ മന്ത്രവാദത്തിന്‍റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. കുടുംബം മന്ത്രവാദക്രിയകൾ നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.
മന്ത്രവാദ ആരോപണത്തെ തുടർന്ന് ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരെ 250 ഓളം വരുന്ന ഗ്രാമവാസികൾ ചേർന്ന് ആക്രമിച്ച് ജീവനോടെ ചുട്ടുകൊന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടുംബത്തിലെ ഒരുകുട്ടി ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബത്തിലുള്ളവർക്ക് നേരെ നടന്ന ആക്രമണത്തിൽ നിന്ന് കുട്ടി ഇതുവരെ മോചനം നേടിയില്ല, അതിനാൽ കുട്ടിയിൽ നിന്നും വിവരങ്ങൾ ഒന്നും ശേഖരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമവാസിയായ രാംദേവ് ഒറോണെന്നയാളുടെ മകന്റെ മരണവും അനന്തരവന്റെ രോഗവുമാണ് ഇവരെ മന്ത്രവാദികളെന്ന് ആരോപിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നുദിവസം മുന്‍പാണ് പരമ്പരാഗത ചികിത്സകനായ രാംദേവിന്റെ മകന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും അസുഖബാധിതനായി ചികിത്സയിലാണ്.
കുട്ടികള്‍ക്ക് അസുഖംവരാന്‍ കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇവരെ ആക്രമിച്ചതെന്നാണ് പ്രാഥമികവിവരം. പ്രാദേശിക ജ്യോത്സ്യൻ കൂടിയായ നകുൽ ഒറോൺ ആണ് ഈ ആരോപണം ഉന്നയിച്ച് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് കണ്ടെത്തിയതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ്ചെയ്തു.
