ബെംഗളൂ: കർണാടകയിലെ ഹാസൻ ജില്ലയിലെ അരക്കൽഗുഡ് താലൂക്കിൽ 50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ചാമരാജനഗർ പട്ടണത്തിലെ രാമസമുദ്രയിൽ നിന്നുള്ള സിന്ധു, മഞ്ജുനായക് ദമ്പതികൾ, ചെലുവമ്പ ആശുപത്രിയിലെ ഔട്ട്‌സോഴ്‌സ് ‘ഡി’ ഗ്രൂപ്പ് ജീവനക്കാരി ശാന്തമ്മ, ഹസൻ അർക്കൽഗുഡ് താലൂക്കിലെ ജവരയ്യ, ഭാര്യ നേത്ര എന്നിവരാണ് അറസ്റ്റിലായത്. 2025 ജൂലൈ 26 ന് ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ സിന്ധുവിന് ജനിച്ച ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്.
ചാമരാജനഗറിലെ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫിസർ (സി.ഡി.പി.ഒ) 2025 സെപ്റ്റംബർ ഒമ്പതിന് ടൗൺ പൊലീസിൽ നൽകിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ജൂലൈ 26ന് ചാമരാജനഗർ ജില്ല ആശുപത്രിയിൽ സിന്ധു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞ് മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയതായി സി.ഡി.പി.ഒ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജുവനൈൽ ജസ്റ്റിസ് (ജെ.ജെ) ആക്ടിലെ സെക്ഷൻ 75, 2023ലെ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്) സെക്ഷൻ 93 എന്നിവ പ്രകാരം മാതാപിതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒളിവില്‍ പോയ മഞ്ജു നായക-സിന്ധു ദമ്പതികളെ ജനുവരി 23ന് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുഞ്ഞിനെ ജവരയ്യ ദമ്പതികൾക്ക് 50,000 രൂപക്ക് വിറ്റതായി ദമ്പതികൾ വെളിപ്പെടുത്തി. ഇടനിലക്കാരിയായിനിന്ന ശാന്തമ്മക്ക് 20,000 രൂപ ലഭിച്ചെന്നും ഇവര്‍ പറഞ്ഞു.
കുഞ്ഞിനെ കണ്ടെത്തിയ പൊലീസ് വനിത-ശിശു വികസന വകുപ്പിന് കൈമാറി. മൈസൂരുവിലെ ചേലുവാംബ ആശുപത്രിയിലെ ഇടനിലക്കാരിയായ ശാന്ത, കുഞ്ഞിന്റെ മാതാപിതാക്കളായ മഞ്ജുനായക്, സിന്ധു, വാങ്ങിയ ജവരയ്യ, നേത്ര എന്നിവരെ അറസ്റ്റ് ചെയ്‌തെന്ന് ചാമരാജനഗർ ജില്ലാ പോലീസ് സൂപ്രണ്ട് എം. മുത്തുരാജ് പറഞ്ഞു


