വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചു. സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 25 പെണ്‍കുട്ടികളെ കാണാതായി.
ടെക്സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് ദുരന്തമുണ്ടാക്കിയത്. നദിക്കരയില്‍ ക്യാമ്പ് മിസ്റ്റിക് എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 740 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഇതില്‍ പങ്കെടുത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.
പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.
പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി.
വരും മണിക്കൂറുകളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നുമാണ് സെനറ്റര്‍ ജോണ്‍ കോര്‍ണില്‍ പറഞ്ഞത്.
മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേര്‍ന്ന് പ്രകൃതിരമണീയമായ സ്ഥലമാണ് ടെക്സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്.
കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധിപേര്‍ സമൂഹമമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. ടെക്‌സസിലെ ജനപ്രതിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
ക്രിസ്ത്യന്‍ വിഭാഗം നടത്തുന്ന സമ്മര്‍ ക്യാമ്പാണ് ക്യാമ്പ് മിസ്റ്റിക്. ഒരു നൂറ്റാണ്ട് കാലമായി തുടരുന്നതാണ് ഈ ക്യാമ്പ്. സൈപ്രസ് മരങ്ങള്‍ കൊണ്ട് 1920കളില്‍ നിര്‍മിച്ച റിക്രിയേഷന്‍ ഹാള്‍ ഉള്‍പ്പെടെയുള്ളവ ക്യാമ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്.
