കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തി

കാട്ടാക്കട: കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് ആനവണ്ടിയുടെ സാരഥിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും പുതുചരിത്രം രചിച്ച് രാജി ബസെടുക്കാൻ തയ്യാറായപ്പോൾ ഡബിൾ ബെല്ലടിച്ച് വനിതാ കണ്ടക്ടറായ അശ്വതിയും ഒപ്പം കൂടി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജിയുടെ ആദ്യ സർവീസ് ആരംഭിച്ചത്. ഒറ്റശേഖരമംഗലം-പ്ലാമ്പഴഞ്ഞിയിലേക്കുള്ള സർവീസ് ഒരു പതർച്ചയുംകൂടാതെ പൂർത്തിയാക്കി.പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സർവീസുകളും പൂർത്തിയാക്കി 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി പത്തുമണിയോടെയാണ് രാജി തിരിച്ചെത്തിയത്. കൂട്ടിക്കൊണ്ടുപോകാൻ അഭിമാനത്തോടെ അച്ഛൻ റസാലം എത്തിയിരുന്നു.

ഒരു ഡ്രൈവർ എന്നനിലയിൽ കാട്ടാക്കടയിൽ രാജിയെ അറിയാത്തവരില്ല. ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളിൽ ഡ്രൈവിങ് പരിശീലക എന്നനിലയിൽ ചിരപരിചിതയാണ് രാജി. കെ.എസ്.ആർ.ടി.സി.യിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനിച്ച് അപേക്ഷ ക്ഷണിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല. പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. ടെസ്റ്റിൽ ഉൾപ്പെടെ വിജയം. വർഷങ്ങളോളം കാട്ടാക്കടയിൽ ടാക്‌സി ഡ്രൈവർ ആയിരുന്നു അച്ഛൻ റസാലം. കുട്ടിക്കാലത്ത് അച്ഛന്റെ കാറും, പിന്നീട് ലോറിയുമൊക്കെ വീട്ടിൽ കൊണ്ടുവരുമ്പോൾ വാഹനം കഴുകാനും അറ്റകുറ്റപ്പണിക്കുമൊക്കെ രാജിയും കൂടും. ഈ ചങ്ങാത്തമാണ് രാജിക്കു വാഹനങ്ങളോടുള്ളത്.

പിന്നീട് ബിരുദ പഠനകാലത്തും കമ്പം വിട്ടില്ല. വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിച്ചതും അച്ഛനാണ്. പിന്തുണയുമായി അമ്മ ശാന്തയും ചേർന്നതോടെ ഡ്രൈവിങ് ഹരമായി. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ പിന്തുണയും കിട്ടി. ജീവിതമാർഗത്തിനായാണ് ഡ്രൈവിങ് പരിശീലക ആകുന്നത്. ഇപ്പോഴിതാ സ്ഥിരംതൊഴിലായി ലഭിച്ചതും ഡ്രൈവിങ് തന്നെ. രാജി സന്തോഷത്തിലാണ്. അഭിനന്ദനങ്ങളുമായി സഹപ്രവർത്തകരും ആദ്യ യാത്രയ്‌ക്കെത്തിയതും സന്തോഷം ഇരട്ടിപ്പിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: