ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയ്തമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആർഒ മേധാവിയായിരുന്നു അദ്ദേഹം. സ്പെയ്സ് കമ്മീഷൻ, കേന്ദ്ര സർക്കാരിൻ്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003-ലാണ് വിരമിച്ചത്. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനയും കസ്തൂരിരംഗൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്റ്റ് ഡയറക്ടറായിരുന്നു അദ്ദേഹം.
ഭാരതീയനായ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഡോ. കെ. കസ്തൂരിരംഗൻ. ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ അംഗവും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്മശ്രീ(1982), പത്മഭൂഷൻ(1992), പത്മ വിഭൂഷൻ(2000) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
