കൊച്ചി: കേരളാ രഞ്ജി ട്രോഫി മുന്‍ ക്യാപ്റ്റന്‍ കെ. ജയറാം (ജയരാമന്‍) അന്തരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസ്തംഭനംമൂലമായിരുന്നു അന്ത്യം. പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. 67 വയസായിരുന്നു. ഭാര്യ- രമ ജയരാമന്‍, മകന്‍- അഭയ് ജയരാമന്‍.
എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിർണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. 1977നും 1989നും മധ്യേ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു സീസണില്‍ നാലു സെഞ്ചുറി നേടിയ മലയാളി താരമെന്ന റെക്കോഡ് ജയറാമിന്റെ പേരിലാണ്. 1973-74 സീസണില്‍ തന്റെ 17-ാം വയസിലായിരുന്നു രഞ്ജി ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. എന്നാല്‍ അരങ്ങേറ്റം കുറിക്കാനായത് നാലു വര്‍ഷത്തിനു ശേഷം 1977-78 സീസണിലായിരുന്നു.
1978 മുതല്‍ 83 വരെ രണ്ടു സീസണുകളില്‍ കേരളത്തിന്റെ നായകനുമായി. 1985-86 സീസണിലാണ് ജയറാമിന്റെ മികച്ച പ്രകടനം ശ്രദ്ധപിടിച്ചു പറ്റുന്നത്. ആ സീസണില്‍ ഗോവ, ഹൈദരാബാദ്, ആന്ധ്ര, കര്‍ണാടക എന്നീ കരുത്തരായ ടീമുകള്‍ക്കെതിരേ സെഞ്ചുറി നേടിയ ജയറാം ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന കേരളാ താരമെന്ന റെക്കോഡും സ്വന്തമാക്കി.
1992-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ജയറാം 1996-ല്‍ കേരളാ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 2002-03 സീസണല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ സെക്ടര്‍ സ്ഥാനത്തും കുറച്ചു കാലം ബിസിസിഐ മാച്ച് റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്