കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. സംഭവത്തിൽ സിൽ മോട്ടിവേഷനൽ സ്പീക്കറും മുൻ പ്രിൻസിപ്പലുമായ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജു (59) ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇയാൾ സ്ഥിരമായി മോട്ടിവേഷനൽ വിഡിയോകൾ ചെയ്തിരുന്നു. മാസ്റ്റർ ട്രെയിനർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ലൈഫ് സ്കിൽ ട്രെയ്നർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു.
പതിനേഴുവയസുകാരിയായ പെൺകുട്ടിയെ പ്രതി വീട്ടിലെത്തി പീഡനത്തിനിരയാക്കിയെന്നാണ് വിവരം. പ്രതിക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉയർന്നിരുന്നുവെന്നാണ് വിവരം. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഷാജുവിനെ റിമാൻഡ് ചെയ്തു.


