മുൻ സുപ്രീം കോടതി ജഡ്ജി വി.രാമസ്വാമി അന്തരിച്ചു

ചെന്നൈ:  മുൻ സുപ്രീം കോടതി ജഡ്ജി വി.രാമസ്വാമി അന്തരിച്ചു. 96 വയസ്സായിരുന്നു. 1989 മുതൽ 1994 വരെ രാമസ്വാമി സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ജഡ്ജി കൂടിയാണ് ചെന്നൈ സ്വദേശിയായ വി. രാമസ്വാമി. പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടത്. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 1993 ലാണ് സംഭവം. ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല.

ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാർ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും ജ. രാമസ്വാമിയായിരുന്നു. ഇതിനായി മദ്രാസിൽ നിന്ന് 7 ഇരുമ്പുദണ്ഡുകൾ വിമാനത്തിൽ ചണ്ഡിഗഢിൽ എത്തിച്ചെങ്കിലും മറ്റ് ജഡ്ജിമാർ എതിർപ്പറിയിച്ച് കത്തയച്ചതോടെ നടപ്പായില്ല. അഭിഭാഷകനായ മകൻ സഞ്ജയ്‌ രാമസ്വാമിയെ ഹൈക്കോടതി ജഡ്ജി ആക്കാനുള്ള ശ്രമങ്ങളും വിവാദമായിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവി വിയോജനക്കുറിപ്പെഴുതിയതോടെയാണ് ഇത് പരാജയപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: