ചണ്ഡീഗഡ്: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിരേന്ദർ സിംഗ് കോൺഗ്രസിലേക്ക്. താൻ ബിജെപിയിൽ നിന്നും രാജിവച്ചെന്നും നാളെ കോൺഗ്രസിൽ ചേരുമെന്നും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിരേന്ദർ സിങ്ങിൻ്റെ ഭാര്യ പ്രേം ലതയും ബിജെപിയിൽ നിന്ന് രാജിവെച്ചു. 2014-19 കാലഘട്ടത്തിൽ ഹരിയാനയിൽ ബിജെപി എംഎൽഎയായിരുന്നു പ്രേംലത.
ബിരേന്ദർ സിംഗിന്റെ മകൻ ബ്രിജേന്ദർ സിംഗ് നേരത്തേ കോൺഗ്രസിൽ ചേർന്നിരുന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്നും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് രാജിക്കത്ത് അയച്ചുവെന്നും ബിരേന്ദർ സിംഗ് അറിയിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് 10 വർഷം മുമ്പാണ് ബിരേന്ദർ സിംഗ് ബിജെപിയിൽ ചേർന്നത്.
അദ്ദേഹത്തിൻറെ മകൻ മാർച്ച് 10ന് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ബിരേന്ദർ ബിജെപി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് ഡിഡി രജ്പുത് ബിജെപിയിൽ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച്ച രജ്പുത് കോൺഗ്രസ് വിട്ടിരുന്നു.
തുടർന്ന് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലിന്റെ സാന്നിധ്യത്തിലാണ് ഡിഡി രജ്പുത് ബിജെപി അംഗത്വം എടുത്തത്. സംസ്ഥാനത്തെ പ്രമുഖ ക്ഷത്രീയ സമുദായ നേതാവാണ് ഡിഡി രജ്പുത്. ഡിഡി രജ്പുത്തിനൊപ്പം നിരവധി ക്ഷത്രിയ സമുദായ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

