പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോ കപ്പ് സെമിയിൽ

പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോകപ്പ് സെമിയിൽ.യൂറോകപ്പില്‍ നിന്ന് റോണോക്കും സംഘത്തിനും കണ്ണീർമടക്കം. ക്വാർട്ടറില്‍ ഫ്രാൻസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോർച്ചുഗല്‍ പുറത്തായത്.

അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാൻസിന്റെ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികള്‍.

മുഴുവൻ സമയത്ത് മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികരച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. പോർച്ചുഗല്‍ പലകുറി ഗോളിനടുത്തെത്തിയെങ്കിലും തകർപ്പൻ സേവുകളുമായി ഗോള്‍കീപ്പർ മൈക്ക് മഗ്നാൻ ഫ്രഞ്ച് പടയുടെ രക്ഷകനായി. പെപ്പെയും റൂബൻ ഡയാസുമടങ്ങുന്ന പോർച്ചുഗല്‍ പ്രതിരോധവും മികച്ചുനിന്നു.

യൂറോ കപ്പിലെ സൂപ്പർപോരാട്ടത്തില്‍ കൃത്യമായ പദ്ധതികളോടെയാണ് ടീമുകള്‍ മൈതാനത്തിറങ്ങിയത്. ആക്രമിച്ചുകളിക്കുന്നതിനൊപ്പം തന്നെ പൊസഷൻ ഫുട്ബോളും മൈതാനത്ത് കണ്ടു. ഇരു ടീമുകളും കിട്ടിയ അവസരങ്ങളില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 20-ാം മിനിറ്റില്‍ ഫ്രാൻസ് ഗോളിനടുത്തെത്തി.തിയോ ഹെർണാണ്ടസിന്റെ 27 മീറ്റർ അകലെ നിന്നുള്ള ഷോട്ട് പോർച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റ തട്ടിയകറ്റി. പിന്നാലെ ഫ്രഞ്ച് പട പോർച്ചുഗല്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി. ഫ്രാൻസിന്റെ ആദ്യ പതിനൊന്നില്‍ ഇടംപിടിച്ച യുവകാരം എഡ്വാർഡോ കമവിംഗ മികച്ച പ്രകടനം പുറത്തെടുത്തു. 28-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഷോട്ട് ബ്ലോക്ക് ചെയ്ത് പോർച്ചുഗീസ് പ്രതിരോധം അപകടം ഒഴിവാക്കി.

അതേസമയം കൗണ്ടർ അറ്റാക്കുകളിലൂടെ പോർച്ചുഗലും ഫ്രഞ്ച് ഗോള്‍മുഖത്ത് ആശങ്കവിതച്ചു. റാഫേല്‍ ലിയോയും ബ്രൂണോയും ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. പന്ത് കൂടുതല്‍ കൈവശം വെച്ച്‌ കളിച്ചത് പോർച്ചുഗലായിരുന്നു. കൂടുതല്‍ മുന്നേറ്റം നടത്തിയത് ഫ്രാൻസും. ഫ്രാൻസിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പൂട്ടിയ പോർച്ചുഗല്‍ പ്രതിരോധം മികവ് പുലർത്തി. 42-ാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ഫ്രീകിക്കെടുത്തു. എന്നാല്‍ ബാറിന് മുകളിലൂടെ പോയി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയത്. 50-ാം മിനിറ്റില്‍ എംബാപ്പെയുടെ ഷോട്ട് പോർച്ചുഗല്‍ ഗോളി കോസ്റ്റ കൈയ്യിലൊതുക്കി. പിന്നാലെ പോർച്ചുഗല്‍ നിരനിരയായി ആക്രമണമഴിച്ചുവിട്ടു. ഇടതുവിങ്ങിലൂടെ റാഫേല്‍ ലിയോ നടത്തിയ മുന്നേറ്റം ഗോളിനടുത്തെത്തി. ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് തകർപ്പൻ സേവിലൂടെയാണ് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നൻ രക്ഷപ്പെടുത്തിയത്. വിറ്റിന്നയുടെ ഷോട്ടും റൊണാള്‍ഡോയുടെ ഗോള്‍ശ്രമവുമെല്ലാം ഫ്രഞ്ച് ഗോളിക്ക് മുന്നില്‍ ലക്ഷ്യം കാണാതെ വന്നു.

66-ാം മിനിറ്റില്‍ ഫ്രഞ്ച് പടയ്ക്ക് മുന്നിലെത്താനുള്ള സുവർണാവസരം ലഭിച്ചു.കോലോ മുവാനി ബോക്സിനുള്ളില്‍ നിന്ന് ഉതിർത്ത ഷോട്ട് പക്ഷേ പോർച്ചുഗല്‍ ഡിഫൻഡർ റൂബൻ ഡയാസിന്റെ കൃത്യമായ ഇടപെടല്‍ മൂലം ലക്ഷ്യം കാണാതെ പോയി. ഗ്രീസ്മാന് പകരം ഒസ്മാൻ ഡെംബലെ കളത്തിലിറക്കി ഫ്രാൻസ് മുന്നേറ്റത്തിന് മൂർച്ചകൂട്ടി. 70-ാം മിനിറ്റില്‍ കമവിംഗയ്ക്കും മികച്ച അവസരം കിട്ടിയെങ്കിലും ഷോട്ട് പുറത്തുപോയി. അവസാനമിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി ആക്രമണം കടുപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ ഗോള്‍മാത്രം അകന്നുനിന്നു. അതിനിടയില്‍ എംബാപ്പെയെ കളത്തില്‍ നിന്ന് പിൻവലിച്ചു. അധികസമയത്തും തുല്യതപാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 5-3 ന് വിജയിച്ച്‌ ഫ്രാൻസ് സെമിയിലേക്ക് മുന്നേറി. ജാവോ ഫെലിക്സാണ് കിക്ക് പാഴാക്കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: