തിരുവനന്തപുരം: യുകെയിൽ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന യുവതിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി വെള്ളാം പറമ്പിൽ വീട്ടിൽ ജോബി (28) എന്ന യുവാവിനെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുവീരനായ ഇയാൾ യുവതിയിൽ നിന്നും 1,50,000 രൂപ ആണ് കൈക്കലാക്കിയത്.
പ്രതി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കി ജോലി നൽകാതെ യുവതിയെ കമ്പളിപ്പിക്കുകയായിരുന്നു. യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഞാറയ്ക്കൽ ഇൻസ്പെക്ടർ സുനിൽ, എസ് ഐ എ കെ ധർമ്മരത്നം, എസ് സി പി ഒ എ എ അഭിലാഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്



