ഏപ്രില്‍ ഒന്ന് മുതൽ വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും




തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക. സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ ഫലത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 19 പൈസയായി ഉയരും. വെള്ളക്കരം പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ കൂടാം.

ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണ് യൂണിറ്റിന് 12 പൈസ. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്‌സഡ് നിരക്ക് പ്രതിമാസം പത്തുരൂപയുമാണ് കൂടുന്നത്. ഇതിനുപുറമെയാണ് യൂണിറ്റിന് ഏഴുപൈസയുടെ സര്‍ചാര്‍ജ് കൂടി വരുന്നത്.



പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ഇന്ധന സര്‍ചാര്‍ജ് കൂടി കൂട്ടിയാല്‍ 39 രൂപയാകും. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റിന് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടത്. ഇരുപത്തഞ്ചു പൈസവരെയാണ് വര്‍ധന. നിരക്ക് വര്‍ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമാണ് വെള്ളക്കരത്തില്‍ അഞ്ചുശതമാനം വര്‍ധന വരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല എന്നാണ് വിവരം. അതിനാല്‍ നിരക്ക് വര്‍ധിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വില കൂടാം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: