സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ അനുകരിക്കുന്ന നമ്മളിൽ വയലൻസ് നിറഞ്ഞ രംഗംങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗണേഷ് കുമാർ

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാർക്കോ അടക്കമുള്ള സിനിമകളിലെ വയലൻസ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നുണ്ട്. അമിതമായി വയലൻസ് നിറഞ്ഞ സിനിമാരംഗങ്ങൾ പൊതുസമൂഹത്തെയും യുവാക്കളെയും മോശമായി സ്വാധീനിക്കുണ്ടെന്നും സെൻസർ ബോർഡ് അടക്കം ഇതിൽ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് ആവശ്യം. വിഷയത്തിൽ റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചിരിക്കുകയാണ് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ.

സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ അനുകരിക്കുന്ന നമ്മളിൽ വയലൻസ് നിറഞ്ഞ രംഗംങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗണേഷ് കുമാർ. പച്ചയ്ക്ക് വെട്ടികീറി മുറിയ്കുന്ന സിനിമകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം കാര്യങ്ങളിൽ സെൻസർ ബോർഡ് കർശന നിലപാട് സ്വീകരിക്കണമെന്നും ഗണേഷ് കുമാർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വയലൻസ് നിറഞ്ഞ സിനിമകൾ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്. ചോര തെറിക്കുന്ന രംഗങ്ങളാണ് സിനിമകളിലുള്ളത്. ഇത്രയും വയലൻസ് നമ്മുടെ സിനിമകളിൽ ആവശ്യം ഇല്ല. കഥയിൽ വയലൻസ് ഉണ്ടാകാം പക്ഷെ സിനിമയിൽ അത് ഹൈഡ് ചെയ്ത് കാണിക്കണം. പച്ചയ്ക്ക് വയലൻസ് കാണിക്കുകയും വെട്ടുകയും അടിച്ച് പൊട്ടിക്കുകയും കത്തിക്കുകയും ഒക്കെയാണ്.

വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്, അദ്ദേഹം രാഷ്ട്രീയത്തിൽ വന്നയാളല്ലേ,

പൊതുപ്രവർത്തകൻ അല്ലേ. അദ്ദേഹത്തിന്റെ സിനിമയില്‍ 18 പേരൊക്കെയാണ് വെട്ടുകൊണ്ട് വീഴുന്നത്. പൊലീസ് ഈ നാട്ടിൽ ഇല്ലേ എന്ന് നമുക്ക് തോന്നും. അടുത്ത സീനിൽ വീണ്ടും 20 പേരെ വെട്ടി വീഴ്ത്തുകയാണ്. ഇവര്‍ മരിച്ചാൽ കേസ് ഒന്നുമില്ലേ. സിനിമകളിൽ അടിച്ച് കൊല്ലുന്നതിനും പരാക്രമം കാണിക്കുന്നതിനുമൊന്നും കേസ് ഇല്ല. പൊലീസ് ഇല്ലേ നാട്ടിൽ. ഇത് എന്ത് സിനിമയാണ്.

നായകന് എന്തും ചെയ്യാം. ഒരാളെ വെട്ടി കൊന്നിട്ട് പിറ്റേ ദിവസം വീണ്ടും കാർ ഓടിച്ചു പോകുകയും പാട്ട് സീനിൽ അഭിനയിക്കുകയും ചെയ്യുകയാണ്. കണ്ടോണ്ട് ഇരിയ്ക്കുന്നവർ മണ്ടന്മാരാണെന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്. ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. കാണിക്കുന്ന ഗോഷ്ടികൾ മനുഷ്യൻ കാണിക്കുന്നത് കാണിക്ക്. ഒരാൾ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയിലെ വണ്ടിയുടെ അകത്ത്, എന്നിട്ട് എന്തായി സിനിമ വന്നോ രക്ഷിക്കാൻ. സിനിമയിൽ ലോറിയിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത് കണ്ടിട്ട് കാറിൽ ഉണ്ടാക്കി. അയാൾക്ക് ഇപ്പോൾ ഇന്ത്യയിൽ ലൈസൻസ് ഇല്ല. അത് സ്വാധീനിച്ചിട്ടുണ്ടെങ്കിൽ ഇതും സ്വാധീനിക്കും. ‘ഇപ്പോൾ ശരിയാക്കി തരാം’ എന്ന വാക്ക് മലയാളികൾ എപ്പോഴും ഉപയോഗിക്കുന്നതാണ്. അത് പറയുമ്പോൾ കുതിരവട്ടം പപ്പുവിന്റെ മുഖം ഓർമ വരും, നമ്മൾ ചിരിക്കും. ആ സിനിമയിലെ ഡയലോഗ് അത്ര നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ഇതൊരു ഉദാഹരണം ആണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: