കോഴഞ്ചേരി മാലക്കര ബിജോ ഭവനിൽ നിന്നും അടൂർ എറത്ത് മണക്കാല ബെൻ ഏഥനിൽ താമസിക്കുന്ന ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കൽ പേപ്പർ മിൽ റോഡിൽ ആർക്ക് ഓഫ് ഫേവർ വീട്ടിൽ നിന്നും ചെമ്പഴന്തി ജലജാ ലൈനിൽ ശ്രീഹരി വീട്ടിൽ താമസിക്കുന്ന ആർ എ ഇമ്മാനുവൽ (42), തിരുവനന്തപുരം മെഡിക്കൽ കോളജ് ശ്രീമൂലം റോഡിൽ കൊടാക്കേരിൽ വീട്ടിൽ നിന്നും കവടിയാർ ഡേവിസ് കോട്ടേജിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
ജി എസ് ടി വകുപ്പിൽ നിന്നും റെയ്ഡിന് വിധേയമായതും ലൈസൻസ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയാണ് സംഘം തട്ടിപ്പ് നടത്തിവന്നത്. വിവര ശേഖരണം നടത്തിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജി എസ് ടിയിലെ ഇൻറലിജൻസ് സ്ക്വാഡിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് താൻ എന്നും ജി എസ് ടി, ഇ ഡി, ഇൻകം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തനിക്കു സഹായിക്കാൻ സാധിക്കുമെന്നും പറഞ്ഞ് ബിജോ മാത്യു അവരുടെ വിശ്വാസം നേടും. പിന്നീട് ജി എസ് ടി ഇന്റലിജൻസിൻ്റെ ചാർജുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ആർ എ ഇമ്മാനുവലിനെയും ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബിനെയും അവതരിപ്പിക്കും. തുടർന്ന് സ്ഥാപന ഉടമകളിൽ നിന്നും പണം കൈക്കലാക്കും. ഇത്തരത്തിൽ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി എസ് ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ബേക്കറി ഉടമക്ക് സംശയം തോന്നി ജി എസ് ടി വകുപ്പിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറെ വിവരമറിയിക്കുകയയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്.
ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങൾ കാണിച്ചുമാണ് സംഘം ആളുകളുടെ വിശ്വാസമാർജിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ മറ്റൊരു ബേക്കറി ഉടമയിൽ നിന്നും 15 ലക്ഷവും ആശുപത്രി ഉടമയിൽ നിന്നും 17 ലക്ഷവും മറ്റൊരു ബേക്കറി-ക്വാറി ഉടമയിൽ നിന്നും അഞ്ചു ലക്ഷവും ഫർണീച്ചർ കട ഉടമയിൽ നിന്നും ഏഴു ലക്ഷവും കാഞ്ഞങ്ങാടുള്ള കമ്പനിയിൽ നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.ബിജോ മാത്യുവിനെതിരെ 2018ൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ചതിന് ആറന്മുള പോലീസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് അടൂർ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദിൻ്റെ നിർദേശത്തെ തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ജി അനീഷ്, എസ് ഐ കെ ആർ അരുൺകുമാർ, എ എസ് ഐ. എൻ സന്തോഷ്, സീനിയർ സി പി ഒ. റോബി ഐസക് ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കൂടുതൽ ആളുകൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്


